തിരുവനന്തപുരം: എല്ലാ കുട്ടികൾക്കും നീതി ലഭിക്കണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കീം റാങ്ക് നിർണയത്തിൽ മാറ്റങ്ങൾ വരുത്താൻ സർക്കാർ തീരുമാനിച്ചതെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. തന്റേതല്ലാത്ത കുറ്റം കൊണ്ട് ഒരു വിദ്യാർഥിക്കും നഷ്ടങ്ങൾ ഉണ്ടാകരുതെന്ന് കരുതി ചെയ്തതാണെന്നും മന്ത്രി പറഞ്ഞു.
പരീക്ഷയിൽ മുഴുവൻ മാർക്ക് സ്കോർ ചെയ്താലും കേരള സിലബസിലുള്ള കുട്ടികൾക്ക് 35 മാർക്ക് മാത്രമേ കിട്ടു. ഒരുപാട് കുട്ടികളെ ബാധിക്കുന്ന വിഷയമാണിത്. ഇപ്പോഴും അതേ നിലപാടാണ് തന്നെയാണ് സർക്കാരിനുള്ളത്. ഈ പ്രശ്നം പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ശാസ്ത്രീയം എന്ന് പറയാവുന്ന ഫോർമുലയെ അവലംബിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം കേരള സിലബസിലുള്ള കുട്ടികൾക്ക് 35 മാർക്കിന്റെ കുറവുണ്ടായി. അത് അനീതി തന്നെയാണ്. എന്നാൽ ഹൈക്കോടതി വിധി വന്ന സാഹചര്യത്തിൽ അഡ്മിഷൻ പ്രക്രിയ വൈകാൻ പാടില്ല എന്നതിനാലാണ് പഴയ മാനദണ്ഡം അനുസരിച്ച് റാങ്ക് ലിസ്റ്റ് പുറത്തുവിട്ടത്. സർക്കാരിന് എത് സമയത്തും നിബന്ധനകളിൽ മാറ്റംവരുത്താം. കോടതി വിധി പരീക്ഷയെ ബാധിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.